പൂവച്ചൽ ഗ്രാമ പഞ്ചായത്തിലെ അനധികൃത പന്നി ഫാമുകൾ ഉടൻ അടച്ചുപൂട്ടാൻ മന്ത്രി എം ബി രാജേഷ് നിർദ്ദേശം നൽകി. ഇത് സംബന്ധിച്ച സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ ഉത്തരവ് അനുസരിച്ചുള്ള നടപടികൾ ഉടൻ സ്വീകരിക്കണം.
തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടന്ന തദ്ദേശ തലത്തിലാണ് മന്ത്രി പരാതി പരിഗണിച്ചത്. പൂവച്ചൽ ജനകീയ സമരസമിതിയാണ് മന്ത്രിക്കു മുന്നിൽ പരാതിയുമായി എത്തിയത്. ഉത്തരവ് അടിയന്തരമായി നടപ്പിലാക്കാൻ മന്ത്രി പൂവച്ചൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.പന്നിഫാമിൻ്റെ പ്രവർത്തനം ആരോഗ്യ- പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാർ അദാലത്തിലെത്തിയത്.
പരാതിയുടെ നിജസ്ഥിതി പരിശോധിച്ച് വേഗത്തിൽ നടപടി സ്വീകരിച്ച സംസ്ഥാന ഗവൺമെൻ്റിന് നന്ദി അറിയിക്കുന്നതായി ജനകീയസമിതി സമരസമിതി പ്രവർത്തകർ പറഞ്ഞു. മാലിന്യമുക്തമായി നാടിനെ മാറ്റുന്നതിൽ അടിയന്തര നടപടി സ്വീകരിച്ച മന്ത്രി എം ബി രാജേഷിൻ്റെ നേതൃത്വത്തിലുളള തദ്ദേശ അദാലത്ത് ഏറെ പ്രതീക്ഷ നൽകുന്നതായും അവർ പറഞ്ഞു.