
ആറ്റിങ്ങൽ പൂവൻപാറയ്ക്ക് സമീപം സ്കൂൾ വാനിൽ ടാങ്കർ ലോറി ഇടിച്ച് ഡ്രൈവർ മരിക്കാനിടയായ സംഭവത്തിൽ ടാങ്കർ ലോറി ഡ്രൈവറെ ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തു. വെമ്പായം ചീരണിക്കാര വെട്ടുതോട്ടിൽ വീട്ടിൽ ശ്രീകാന്ത് (35) ആണ് അറസ്റ്റിലായത്.
മെയ് 21-ന് വൈകുന്നേരം മൂന്നരയോടെ തിരുവനന്തപുരം ഭാഗത്തുനിന്ന് കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന ബ്ലാക്ക് ഓയിൽ നിറച്ച ടാങ്കർ ലോറിയാണ് പൂവൻപാറ പാലത്തിനു സമീപത്ത് അപകടത്തിൽപ്പെട്ടത്. ആറ്റിങ്ങലിൽ പ്രവർത്തിക്കുന്ന ഷൈൻ സ്റ്റാർ പ്രീ-പ്രൈമറി സ്കൂളിന്റെ വാഹനത്തിൽ ടാങ്കർ ലോറി ഇടിക്കുകയായിരുന്നു.
അപകടത്തിൽ സ്കൂൾ വാൻ ഓടിച്ചിരുന്ന സ്കൂൾ ഉടമ അയിലം കാട്ടുചന്ത അഷ്ടമിയിൽ താമസിക്കുന്ന ദീപു (48) മരിച്ചു. വാനിലുണ്ടായിരുന്ന ആയ അശ്വതിക്ക് പരിക്കേറ്റു. ഇവർ ചികിത്സയിലാണ്.
ബ്ലാക്ക് ഓയിൽ പോലുള്ള ഹാനികരമായ രാസവസ്തു നിറച്ച ടാങ്കർ ലോറി അപകടത്തിൽപ്പെട്ടാൽ പൊതുസ്ഥലങ്ങളിൽ രാസവസ്തു പടർന്ന് വലിയ ദുരന്തത്തിന് ഇടയാക്കാമെന്ന ബോധ്യമുണ്ടായിട്ടും പ്രതി മദ്യലഹരിയിൽ അമിതവേഗത്തിലും അശ്രദ്ധയോടെയും വാഹനം ഓടിച്ചാണ് അപകടമുണ്ടാക്കിയതെന്ന് പോലീസ് പറഞ്ഞു


