
വർക്കല: കനത്ത മഴയെ തുടർന്ന് പാപനാശം നോർത്ത് ക്ലിഫ് മേഖലയിൽ വീണ്ടും കുന്നിടിച്ചിൽ. കുന്നിന് മുകളിലെ നടപ്പാതയുടെ അടിഭാഗത്ത് നിന്ന് ഏകദേശം ഏഴ് മീറ്റർ വീതിയിൽ മണ്ണിടിഞ്ഞ് പത്ത് മീറ്ററോളം താഴേക്ക് പതിച്ചതോടെയാണ് പ്രദേശം അതീവ അപകടാവസ്ഥയിലായത്.
മണ്ണിടിച്ചിലിനെ തുടർന്ന് ഇടിഞ്ഞ ഭാഗത്തെ നടപ്പാതയുടെ അടിഭാഗം പൊള്ളയായ നിലയിലാണ്. മുകളിലൂടെ നടന്ന് വരുന്ന സഞ്ചാരികൾക്ക് അപകടസാധ്യത നേരിൽ തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. തുടർന്നുള്ള ദിവസങ്ങളിൽ മഴ ശക്തമായാൽ നടപ്പാതയുടെ കൂടുതൽ ഭാഗങ്ങൾ കുന്നിൻ അടിവാരത്തേക്ക് ഇടിഞ്ഞുവീഴാൻ സാധ്യതയുണ്ടെന്നാണ് ആശങ്ക.
കുന്നിന്റെ മുനമ്പുകളിലും വലിയ വിള്ളലുകളും അസ്ഥിരതയും രൂപപ്പെട്ടിട്ടുണ്ട്. നടപ്പാതയുടെ പല ഭാഗങ്ങളുടെയും അടിഭാഗം ഇടിഞ്ഞ് പൊള്ളയായതിനാൽ ഇതുവഴിയുള്ള കാൽനട യാത്ര അതീവ അപകടകരമായിരിക്കുകയാണ്. സമയോചിതമായി യാത്ര നിയന്ത്രിക്കുകയും സുരക്ഷാ നടപടികൾ സ്വീകരിക്കുകയും ചെയ്തില്ലെങ്കിൽ വലിയ ദുരന്തത്തിന് സാധ്യതയുണ്ടെന്നാണ് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നത്.
മുൻവർഷങ്ങളിലും സമാന രീതിയിൽ കുന്നിടിച്ചിൽ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തവണ സംരക്ഷണ വേലിക്ക് തൊട്ടുതാഴെയായാണ് മണ്ണിടിഞ്ഞത്. ഇത് സഞ്ചാരികളുടെ സുരക്ഷയെ കൂടുതൽ ആശങ്കയിലാഴ്ത്തുന്ന സാഹചര്യമാണുണ്ടാക്കിയിരിക്കുന്നത്.
യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടം നേടിയ പാപനാശം കുന്നുകളുടെ സംരക്ഷണത്തിനായി വർഷങ്ങളായി വിവിധ പഠനങ്ങൾ നടന്നുവരുന്നുണ്ടെങ്കിലും ശാശ്വത പരിഹാരമാകുന്ന നടപടികൾ ഇതുവരെ നടപ്പായിട്ടില്ല. മഴ ശക്തമാകുന്ന സാഹചര്യത്തിൽ പ്രദേശത്ത് അടിയന്തര സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.


