
ആറ്റിങ്ങലിൽ മോഷണം പോയ ജനറേറ്ററും വാഹനവും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ കരിച്ചിയിൽ സ്വദേശി ഹരി കൃഷ്ണന്റെ ഉടമസ്ഥതയിലുള്ള പിക്കപ്പ് വാഹനവും അതിൽ ഘടിപ്പിച്ച ജനറേറ്ററുമാണ് മോഷണം പോയത്.
ജൂലൈ 31നു അവനവഞ്ചേരി ബാവ ആശുപത്രിക്ക് സമീപം ഒരു വിവാഹ വീട്ടിലേക്ക് വാടകയ്ക്ക് കൊടുത്തതായിരുന്നു ജനറേറ്റർ. എന്നാൽ പിറ്റേന്ന് രാവിലെ വാഹനവും ജനറേറ്ററും കാണാതായി.തുടർന്ന് ഹരി കൃഷ്ണൻ ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
പ്രാഥമിക അന്വേഷണത്തിൽ വാഹനം ആറ്റിങ്ങൽ ഭാഗങ്ങളിൽ കണ്ടതായി സൂചനകൾ ലഭിച്ചു. മാത്രമല്ല കാണാതായ വാഹനവുമായി ചിലർ കടയിലെത്തി ജ്യൂസ് കുടിച്ചെന്നും വിവരം കിട്ടി. തുടർന്ന് അന്വേഷണം പുരോഗമിക്കവേ ഇന്ന് രാവിലെയോടെ വാഹനവും ജനറേറ്ററും ആറ്റിങ്ങൽ വലിയകുന്ന് ഭാഗത്തു ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു


