
മുത്താനയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ കല്ലമ്പലം പൊലീസിന്റെ അതിവേഗ നടപടി; മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ്
കല്ലമ്പലം: തിരുവോണദിനത്തിൽ മുത്താനയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അഞ്ചു പ്രതികളെയും സംഭവം നടന്ന് വെറും രണ്ട് മണിക്കൂറിനകം കല്ലമ്പലം പൊലീസ് പിടികൂടിയതിൽ അഭിനന്ദന പ്രവാഹം. നാട്ടുകാരും വിവിധ സംഘടനകളും പോലീസിന്റെ അന്വേഷണ മികവിനെ അഭിനന്ദിച്ചു.
തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി പ്രശാന്തൻ കാണി ഐ.പി.എസ്. നൽകിയ നിർദ്ദേശത്തെ തുടർന്ന് നടത്തിയ ഊർജിത അന്വേഷണത്തിലാണ് പ്രതികളെ അതിവേഗം കണ്ടെത്തി പിടികൂടിയത്.
മുത്താന കൊച്ചാരം പൊയ്ക ചരുവിള പുത്തൻവീട്ടിൽ പ്രകാശന്റെ മകൻ പ്രജി (34) ആണ് കൊല്ലപ്പെട്ടത്. പ്രജിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് അജയ് (37) ആക്രമണത്തിൽ പരിക്കേറ്റു. തിരുവോണദിനത്തിൽ മുത്താന കാവിന് സമീപത്തുവച്ചാണ് സംഭവം നടന്നത്.
പ്രജിയോടും അജയിയോടും പ്രതികൾക്കുണ്ടായിരുന്ന മുൻവിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും സംഘം ആക്രമിക്കുകയായിരുന്നു. ഇതിനിടെ പ്രജിയുടെ നെഞ്ചിൽ കത്തികൊണ്ട് മാരകമായി കുത്തേറ്റതാണ് മരണകാരണം. ആക്രമണത്തിൽ പരിക്കേറ്റ അജയ്ക്ക് ചികിത്സ ലഭ്യമാക്കി.
സംഭവത്തിനുശേഷം പ്രതികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ട് ഒളിവിൽ പോയെങ്കിലും പൊലീസ് നടത്തിയ ഊർജിത അന്വേഷണത്തിനൊടുവിൽ രണ്ട് മണിക്കൂറിനകം എല്ലാവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഞാറയിൽക്കോണം പറക്കുന്ന് കൊടുവേലിക്കോണം ആലുവിള വീട്ടിൽ ഷാജിയുടെ മകൻ ഗൗരി കൃഷ്ണ (18), മുത്താന പുതുവൽവിള വീട്ടിൽ മണിയുടെ മകൻ മനു (19), മുത്താന പുതുവൽവിള വീട്ടിൽ ബിനുവിന്റെ മകൻ കണ്ണൻ (18), രഞ്ജിത്ത് (20), പറക്കുന്ന് കൊടുവേലിക്കോണം ഷൈജു ഭവനിൽ ഷിജുവിന്റെ മകൻ ഷൈജു (22) എന്നിവരാണ് പ്രതികൾ.
തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി പ്രശാന്തൻ കാണി ഐ.പി.എസ് യുടെ നിർദ്ദേശപ്രകാരം വർക്കല ഡിവൈ.എസ്.പി. രമേഷ് കുമാർ പി.വി., കല്ലമ്പലം സർക്കിൾ ഇൻസ്പെക്ടർ ദീപു, കല്ലമ്പലം എസ്.എച്ച്.ഒ. മനു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.
കല്ലമ്പലം പൊലീസ് സ്റ്റേഷനിലെ എസ്.ഐമാരായ നിതിൻ, ഹരി, ബിജു, എ.എസ്.ഐമാരായ ഇർഷാദ്, സുലാൽ, പൊലീസ് ഉദ്യോഗസ്ഥരായ അനീഷ്, സമ്പത്ത്, ലിജിൻ ദാസ്, ശ്രീജിത്ത്, ഷൈമോൻ, ഷമീർ, ബിജീഷ് രാജ് എന്നിവരും റൂറൽ ഡാൻസാഫ് ടീം അംഗങ്ങളും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. കൊലപാതകത്തിന്റെ സാഹചര്യങ്ങൾ, പ്രതികളുടെ പങ്ക്, ആക്രമണത്തിന് പിന്നിലെ കൃത്യമായ കാരണങ്ങൾ എന്നിവ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ജില്ലാ പൊലീസ് മേധാവി പ്രശാന്തൻ കാണി ഐ.പി.എസ്. അറിയിച്ചു.


