
പെരുമാതുറ : സംസ്ഥാനത്തെ എല്ലാ ഉൾനാടൻ ജലാശയങ്ങളിലും അതാതിന് അനുയോജ്യമായ രീതിയിൽ മത്സ്യകൃഷി വ്യാപിപ്പിക്കുമെന്ന് ഫിഷറീസ്, ഹാർബർ എൻജിനീയറിംഗ് വകുപ്പ് മന്ത്രി വി. ഇ. അബ്ദുൾ ഗഫൂർ പറഞ്ഞു.
നിലവിലുള്ളതിനേക്കാൾ മത്സ്യഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും ഉൽപ്പന്നങ്ങൾക്ക് മികച്ച വിപണി കണ്ടെത്തുന്നതിനുമായി പ്രത്യേക പദ്ധതികളുമായി വകുപ്പ് മുന്നോട്ടുപോകുകയാണ്. കർഷകർക്ക് പ്രോത്സാഹനമായി വിവിധ ഇൻസെന്റീവുകളും പുതിയ സ്കീമുകളും നടപ്പിലാക്കുന്നത് സർക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി.ഫിഷറീസ് വകുപ്പിന്റെ ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി അഴൂർ പഞ്ചായത്തിലെ കൊട്ടാരംതുരുത്തിൽ നിർമ്മിച്ച എംബാങ്ക്മെന്റിൽ കരിമീൻ വിത്ത് നിക്ഷേപവും വിതരണോദ്ഘാടനവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുത്തൻതോപ്പ് മത്സ്യ ഭവന് കീഴിലെ അഴൂർ ഗ്രാമപഞ്ചായത്തിലെ കൊട്ടാരംതുരുത്ത് വാർഡിൽ 0.50 ഹെക്ടർ വിസ്തീർണ്ണമുള്ള യൂണിറ്റാണ് സജ്ജീകരിച്ചിരിക്കുന്നത്.3.80 ലക്ഷം രൂപ ചെലവ് വരുന്ന ഒരു യൂണിറ്റിന് 60% തുക (1.14 ലക്ഷം രൂപ) സർക്കാർ സബ്സിഡിയായി ലഭിക്കും. ജലാശയങ്ങളുടെ സ്വാഭാവിക ഒഴുക്കിനും പരിസ്ഥിതിക്കും യാതൊരു കോട്ടവും തട്ടാത്ത രീതിയിലാണ് ഹാപ്പകളിൽ കരിമീൻ കൃഷി നിർവ്വഹിക്കുന്നത്. ജില്ലയിൽ പെരുമാതുറ കൊട്ടാരംതുരുത്തിന് പുറമേ മണമ്പൂരിൽ കുളമുട്ടം കായൽ പൂവാറിൽ ചിറക്കൂട്ടം എന്നിവിടങ്ങളിലും ഒരോ മത്സ്യ കൃഷി യൂണിറ്റുകൾ സജ്ജീകരിച്ചിട്ടുണ്ട്.
ചിറയിൻകീഴ് നിയോജക മണ്ഡലം എം.എൽ.എ രമ്യ ഹരിദാസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഫിഷറീസ് വകുപ്പ് ഡയറക്ടർ ചെൽസ സിനി വി ഐ എ എസ് സ്വാഗതം പറഞ്ഞു, ഷീജ മേരി, ജോളി പത്രോസ്,കീർത്തി സൈജു, മഹാണി ജസീം , മിനി ജയചന്ദ്രൻ, ആർ. അനിൽ, നൈസിയ സുധീർ, ഷഹീർ ജി അഹമ്മദ്, ബഷറുള്ള , നാസർ ഉസ്മാൻ , അഡ്വ കൃഷ്ണ കുമാർ , അർഷിദ് തുടങ്ങിയവർ പങ്കെടുത്തു


