പൂവമ്പാറ പാലത്തിന് സമീപം റോഡരികിലെ നടപ്പാത പാഴ്ചെലവെന്ന് ആരോപണം

ആറ്റിങ്ങൽ: ദേശീയപാത വികസനത്തിന് തുടക്കമിടാനിരിക്കെ റോഡ് പണിക്ക് മുൻപ് ഇപ്പോൾ നടക്കുന്ന നടപ്പാത നിർമാണം  പാഴ്ചെലവാണെന്നും ലക്ഷങ്ങൾ പൊടിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും ആരോപണം ശക്തമാകുന്നു. പൂവമ്പാറ മുതൽ മൂന്നുമുക്ക് വരെയാണ് ദേശീയപാത വികസനം യാഥാർഥ്യമാക്കുമെന്ന് അധികൃതർ പ്രഖ്യാപിച്ചിരുന്നത്. ഇതിനായി 16 മീറ്റർ വീതിയിൽ റോഡ് വികസിപ്പിക്കുവാൻ തീരുമാനിക്കുകയും സ്ഥലമെടുപ്പ് തുടങ്ങുകയും ചെയ്തിരുന്നു.

ഇതിനിടെയാണ് പൂവമ്പാറ പാലത്തിന് സമീപം റോഡരികിൽ നടപ്പാത നിർമിക്കുന്നത്. ദേശീയപാതയുടെ അലൈൻമെന്റ് പോലും വ്യക്തമായി നിർണയിക്കാത്ത സാഹചര്യത്തിൽ പണി നടത്തുന്നത് എന്തിനാണെന്ന ആശങ്കയും ശക്തമായിട്ടുണ്ട്.

ഫലത്തിൽ ഇപ്പോഴത്തെ നടപ്പാത വെറുതെയാകും എന്നാണ് സൂചന. പൂവമ്പാറ, കെഎസ്ആർടിസി ഡിപ്പോയ്ക്ക് മുൻവശം, മാമം–കോരാണി എന്നീ സ്ഥലങ്ങളെ നിലവിൽ ഏറ്റവും അപകടം നടക്കാൻ സാധ്യതയുള്ള സ്ഥലങ്ങളായി കണ്ട് ബ്ലാക്ക് സ്പോട്ടുകളയി തിരിച്ച് അപകട രഹിതമാക്കുന്നതിന്റെ ഭാഗമായാണ് പൂവമ്പാറയിൽ പണി തുടങ്ങിയത്.

ദേശീയപാത അതോറിറ്റിക്ക് നൽകിയ നിവേദനം പരിഗണിച്ച് 3 കോടി ചെലവിൽ അപകടമുക്ത മേഖലയാക്കി മാറ്റാനുള്ള പദ്ധതിക്ക് അനുമതി ലഭിച്ചിരുന്നു. 1.16 കോടിയാണ് പൂവമ്പാറയിൽ മാത്രമായി ചെലവിടുന്നത്. ആലംകോട് നിന്നും ഹോമിയോ ആശുപത്രിവരെ 1 കി.മി ദൂരം ഇരുവശത്തെയും തടസ്സങ്ങൾ നിക്കി  വാഹന ഗതാഗതത്തിനും, പാർക്കിന് ലഭ്യമാക്കുന്നതിനും കൈയേറ്റങ്ങൾ ഒഴിപ്പിച്ച് ആധുനിക രീതിയിലുള്ള റോഡ് സേഫ്റ്റി ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനും തീരുമാനിച്ചിരുന്നു.

പൂവമ്പാറയിൽ റോഡ് സുരക്ഷ അത്യാവശ്യമാണെങ്കിലും നിലവിലെ ദേശീയപാതാ വികസനം കഴിഞ്ഞ ശേഷം റോഡ് സുരക്ഷ നടപ്പാക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കിയിരുന്നെങ്കിൽ ഇവ പൊളിക്കേണ്ടി വരുമായിരുന്നില്ല. നിലവിലെ സാഹചര്യത്തിൽ ഇരുവശത്തും സ്ഥലമെടുത്തെങ്കിലും അതെല്ലാം നടപ്പാതയ്ക്കായി മാറ്റി. ഫലത്തിൽ പഴയ വീതി മാത്രമാണ് ഇവിടെ റോഡിനുള്ളത്. ഈ ഭാഗത്ത് വീതി കൂട്ടിയാൽ പാലത്തിലെത്തുമ്പോൾ പാതയ്ക്ക് വീതി കുറയുമെന്നും ഇത് അപകടങ്ങൾക്കിടയാക്കുമെന്നുമാണ് അധികൃതരുടെ വാദം.