ചിലക്കൂരിൽ വലയിൽ കുടുങ്ങിയത് അജ്ഞാത ജീവിയുടെ ഭീമാകാരമായ അസ്ഥി

വർക്കല: ചിലക്കൂർ കടലിൽ മത്സ്യബന്ധനത്തിന് വിരിച്ച വലയിൽ കുടുങ്ങിയത് അജ്ഞാത ജീവിയുടെ ഭീമാകാരമായ അസ്ഥി. ചിലക്കൂർ ഗ്രാലിക്കുന്നിൽ ജാഫർ മൻസിലിൽ ജാഫർഖാന്റെ വലയിലാണ് അസ്ഥി കുടുങ്ങിയത്. ശനിയാഴ്ചയായിരുന്നു സംഭവം. വല തീരത്തു കയറ്റിയപ്പോഴാണ് കുടുങ്ങിയത് ഭീമാകാരമായ അസ്ഥികൂടമാണെന്നറിയുന്നത്. 150കിലോയിലധികം ഭാരമുണ്ടാകുമെന്നാണ് നിഗമനം. ചെറിയ തോതിൽ ദുർഗന്ധവും വമിക്കുന്നുണ്ട്. അസ്ഥി കുടുങ്ങിയതിനാൽ വലകൾ പൊട്ടി ഉപയോഗശൂന്യമായ നിലയിലാണ്. ഒരു ലക്ഷത്തോളം രൂപയുടെ വലയാണ് നശിച്ചത്. വർക്കല പൊലീസിലും കോസ്റ്റൽ പൊലീസ് അധികൃതരെയും വിവരം അറിയിച്ചിട്ടുണ്ട്.