എസ്‌.ഐ ഉൾപ്പടെയുള്ള പൊലീസുകാരെ സംഘം ചേർന്ന് ആക്രമിച്ചു : നാലുപേർ അറസ്റ്റിൽ

അരുവിക്കര: അരുവിക്കര പോലീസ് സ്റ്റേഷനിലെ എസ്.ഐ. മണികണ്ഠൻ നായരെയും സംഘത്തെയും ആക്രമിച്ച കേസിലെ നാലു പ്രതികളെ അറസ്റ്റുചെയ്തു. കരകുളം അയണിക്കാട് ഹോമിയോ മുകൾ സുകന്യാഭവനിൽ ഗോപൻ (47), ഹോമിയോ മുകൾ ഊറ്റരികത്ത് ആതിരഭവനിൽ അച്യുതൻ (62), ഊറ്റരികത്ത് സുകന്യാഭവനിൽ ഷിനു (33), ഇരുമ്പ കുന്നത്തുനട റോഡരികത്ത് വീട്ടിൽ മഹേഷ് (35) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. രാത്രി 9 മണിക്ക് കരകുളം ഹോമിയോ ആശുപത്രിക്കുസമീപത്തെ റോഡിൽ ഒരുസംഘം മദ്യപിച്ച് ബഹളംവയ്ക്കുന്നതായി പരാതി ലഭിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ എസ്.ഐ. മണികണ്ഠൻ നായർ, എ.എസ്.ഐ. സതികുമാർ, സി.പി.ഒ. വിനോദ് എന്നിവരെ 8 അംഗ സംഘം ആക്രമിക്കുകയായിരുന്നു. എസ്.ഐ.ക്കും എ.എസ്.ഐ.ക്കും പരിക്കേറ്റിരുന്നു.

അരുവിക്കര സി.ഐ. അനിൽകുമാർ, എസ്.ഐ. മണികണ്ഠൻ നായർ, സിവിൽ പോലീസ് ഓഫീസർമാരായ രാംകുമാർ, പത്മരാജ്, വിധുകുമാർ, രാജേഷ്, ഷംനാഥ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.