Search
Close this search box.

ക്യാമറ ഇല്ല, ഇവിടെ സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷം

eiZJNXA87498

കല്ലറ: ചെറുതും വലുതുമായ എല്ലാ ജംഗ്ഷനുകളും സി.സി ടിവി കാമറ നിരീക്ഷണത്തിലായിട്ടും കല്ലറ ടൗണിലും പരിസരപ്രദേശങ്ങളിലും കാമറ സ്ഥാപിക്കാത്തത് സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമാക്കുന്നു. പാലോട്, പാങ്ങോട്, കാരേറ്റ്, കിളിമാനൂർ, വെഞ്ഞാറമൂട് തുടങ്ങിയ പ്രധാന ജംഗ്ഷനുകളും ഭരതന്നൂർ പോലുള്ള ചെറിയ ജംഗ്ഷനുകളും സി.സി ടിവി കാമറകളുടെ സംരക്ഷണ വലയത്തിലായിട്ട് നാളുകൾ കഴിഞ്ഞു. പ്രദേശത്തെ വ്യാപാര സംഘടകളുടെയും കേരളാ പൊലീസിന്റെയും സംയുക്താഭിമുഖ്യത്തിലാണ് എല്ലായിടത്തും നിരീക്ഷണ കാമറകൾ സ്ഥാപിച്ചത്. എന്നാൽ കല്ലറയിൽ മാത്രം ഇനിയും കാമറ സ്ഥാപിക്കാനായിട്ടില്ല. മേഖലയിലെ പ്രധാന ടൗണും വ്യാപാര കേന്ദ്രവുമാണ് കല്ലറ. നിരീക്ഷണ കാമറകളുടെ അഭാവം മേഖലയിൽ കുറ്റവാളികൾക്ക് അനുഗ്രഹമായി മാറിയിരിക്കുകയാണ്. രാത്രി 12 മണി കഴിഞ്ഞാൽ ടൗൺ പൂർണമായും വിജനമാകും. പിന്നെ ഇവിടം മോഷ്ടാക്കൾ, ഹവാല ഇടപാടുകൾക്കായി എത്തുന്നവർ, ലഹരിമരുന്ന് കച്ചവടക്കാർ തുടങ്ങിയവരുടെയെല്ലാം വിഹാര കേന്ദ്രമാണ്. ടൗണും പരിസരവും കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം തകൃതിയാണ്. കല്ലറ ബസ് സ്റ്റാൻഡ്, എ.ആർ.എസ് വളക്കുഴി പച്ച റോഡ്, മാർക്കറ്റ് പരിസരങ്ങൾ തുടങ്ങിയ സ്ഥലങ്ങളാണ് ഇവരുടെ താവളങ്ങളെന്ന് നാട്ടുകാർ പറയുന്നു. കല്ലറയിൽ നിന്നു ആറ് കിലോമീറ്റർ അകലെയാണ് പാങ്ങോട് പൊലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. പൊലീസ് വരുന്നത് ദൂരെ നിന്ന് കാണുമ്പോൾ തന്നെ അക്രമികൾ ഒാടിയൊളിക്കും. ഇത് കാരണം പൊലീസിന് സാമൂഹ്യ വിരുദ്ധരെ കണ്ടെത്താനും കഴിയുന്നില്ല. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ കല്ലറ ടൗണിലും പരിസരപ്രദേശങ്ങളിലും നിരീക്ഷണ കാമറകൾ സ്ഥാപിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ ശേഷം ജുവലറി കൊള്ളയടിച്ചതുൾപ്പെടെ നിരവധി കുറ്റകൃത്യങ്ങളും കൊലപാതകങ്ങളും കല്ലറ ടൗണും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് നടന്നിരുന്നു. അടുത്തിടെ കല്ലറ പാട്ടറയിൽ ബാങ്ക് ജീവനക്കാരിയുടെ വീട് കുത്തിത്തുറന്ന് പതിനഞ്ചര പവൻ സ്വർണവും നാല്പതിനായിരം രൂപയും കവർന്നതും, കല്ലറ ജംഗ്ഷനിൽ അക്രമികൾ സ്ത്രീയുടെ പണമടങ്ങുന്ന പഴ്സ് തട്ടിയെടുക്കാൻ ശ്രമിച്ചതുമെല്ലാം കുറ്റവാളികളുടെ സാന്നിദ്ധ്യത്തിന് തെളിവായി നാട്ടുകാർ ചൂണ്ടികാണിക്കുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!