കുളത്തിലെ വെള്ളം ടാങ്കിലാക്കി ലോറികളിൽ കടത്തുന്നെന്ന് പരാതി

കിളിമാനൂർ : കിളിമാനൂർ – ചൂട്ടയിൽ നീരാഴിക്കുളത്തിൽ നിന്നും പല സ്ഥലങ്ങളിലേക്കും റോഡ് പണിക്കും മറ്റുമായി ലോറികളിൽ ടാങ്ക് വച്ച് പതിനായിരക്കണക്കിന് ലിറ്റർ വെള്ളം ദിവസേന കൊണ്ട് പോകുന്നതായി പരാതി. വരൾച്ച രൂക്ഷമായതോടെ പ്രദേശവാസികളും ദൂരെ സ്ഥലങ്ങളിൽ നിന്നും സ്ത്രീകളും കുട്ടികളുമടക്കം നൂറ് കണക്കിനാളുകളാണ് ഈ കുളത്തിൽ രാവും പകലുമായി കുളിക്കാനെത്തുന്നത്. വെള്ളം ടാങ്കുകളിൽ കൊണ്ട് പോകുന്നതും കുളക്കരയിൽ വാഹനങ്ങൾ കഴുകുന്നതും നിരോധിച്ച് കൊണ്ട് ഗ്രാമപഞ്ചായത്തിന്റെ ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും വകവയ്ക്കാറില്ല. ഇത് പ്രദേശവാസികളും ജലമാഫിയകളും തമ്മിൽ പലപ്പോഴും വാക്കേറ്റവും സംഘർഷത്തിൽ വരെ കലാശിക്കാറുണ്ട് .ആയതിനാൽ അധികാരികൾ അടിയന്തിരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.