ചെമ്പൂര് സ്വദേശി ഡോ.എസ് ഹരികൃഷ്ണൻ ഉള്ളൂര്‍ എന്‍ഡോവ്‌മെന്റ് അവാർഡ് ഏറ്റുവാങ്ങി, അവാർഡ് അമ്മയുടെ ഓർമകൾക്ക് മുന്നിൽ….

ആറ്റിങ്ങൽ : ഏഴാമത് ഉള്ളൂര്‍ എന്‍ഡോവ്‌മെന്റ് അവാർഡ് ചെമ്പൂര് സ്വദേശിയും ഇളമ്പ സ്കൂൾ പൂർവ്വ വിദ്യാർത്ഥിയുമായ ഡോ.എസ് ഹരികൃഷ്ണൻ ഏറ്റുവാങ്ങി. മഹാകവി ഉള്ളൂര്‍ എസ് പരമേശ്വര അയ്യരെ സംബന്ധിക്കുന്ന ഗവേഷണ ലേഖനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് അവാർഡ്.

അവാർഡിന് അർഹമായ പുസ്തകം

‘ഉള്ളൂരിന്റെ ഉണ്മയും ഉള്ളൊലികളും ‘ എന്ന ഗ്രന്ഥമാണ് അവാര്‍ഡിനായി തെരഞ്ഞെടുക്കപ്പെട്ടത്.മഹാകവി ഉള്ളൂരിന്റെ 142-ാം ജന്മദിനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ ജഗതിയിലുള്ള ഉള്ളൂർ സ്മാരക മന്ദിരത്തിൽ വെച്ച് മുൻ ചീഫ് സെക്രട്ടറി സി. പി. നായർ സാർ അവാർഡ് കൈമാറി. ചടങ്ങിൽ ശങ്കരാചാര്യ സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. എൻ. പി. ഉണ്ണി, ഡോ. എം. ആർ. തമ്പാൻ, ഡോ. വിളക്കുടി രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

ഉള്ളൂർ എൻഡോവ്മെന്റ് അവാർഡ്

ആറ്റിങ്ങൽ ചെമ്പൂര് പഴയ കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് സമീപം ഗോകുലത്തിൽ
നിലമേൽ കോളേജിൽ മലയാള വിഭാഗം പ്രൊഫസർ ആയിരുന്ന ഡോ.സുധാകരൻ പിള്ളയുടെയും ലീലാമ്മയുടെയും മകനാണ് ഡോ. എസ്‌ ഹരികൃഷ്ണൻ(M.A, M.Phil, M.Ed, Ph.D) . തന്റെ രണ്ടാമത്തെ പുസ്തകത്തിനാണ് ആദ്യമായി അവാർഡ് ലഭിക്കുന്നത്. ഇതിന് മുൻപ് ‘ഉള്ളൂർ വേറിട്ട വായനകൾ ‘ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു.

ഡോ. എസ്‌ ഹരികൃഷ്ണൻ രചിച്ച ആദ്യ പുസ്തകം

തന്റെ ജീവിതത്തിൽ ആദ്യമായി ലഭിച്ച ഈ അവാർഡ് അമ്മയ്ക്ക് സമർപ്പിക്കുന്നു എന്ന് ഡോ എസ്‌ ഹരികൃഷ്ണൻ പറഞ്ഞു. കഴിഞ്ഞ വർഷം ഡിസംബറിൽ വളരെ പെട്ടെന്ന് അമ്മ ഈ ലോകത്തോട് യാത്ര പറഞ്ഞു. അമ്മയാണ് തന്റെ എല്ലാ വിജയത്തിന് പിന്നിലെന്നും തന്റെ ജീവിതത്തിലെ ഓരോ ചെറിയ മാറ്റവും അമ്മയായിരുന്നു ആഹ്ലാദമാക്കി മാറ്റിയിരുന്നതെന്നും അമ്മയുടെ ഏറ്റവും വലിയ പ്രോത്സാഹനമാണ് തന്റെ നേട്ടങ്ങൾക്ക് പിന്നിലെന്നും ഡോ. എസ്‌ ഹരികൃഷ്ണൻ ആറ്റിങ്ങൽ വാർത്താ ഡോട്ട് കോമിനോട് പറഞ്ഞു. ഈ അവസരത്തിൽ അമ്മ ഉണ്ടായിരുന്നെങ്കിൽ തന്നെക്കാൾ സന്തോഷിക്കുമായിരുന്നു എന്നും അദ്ദേഹം പറയുന്നു. വിദ്യാഭ്യാസ – സാഹിത്യ മേഖലയിൽ അച്ഛന്റെ പാതയാണ് പിന്തുടരുന്നതെന്നും അച്ഛന്റെ സഹായവും പ്രോത്സാഹനവും ഏറെ പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ഈ ഒരു അവാർഡ് തനിക്കു കൂടുതൽ പുസ്തകം എഴുതാനുള്ള പ്രോത്സാഹന സമ്മാനമായി കാണുന്നു എന്നും ഉള്ളൂരിന്റെ കവിതാ സമാഹാരത്തെ കുറിച്ച് കൂടുതൽ പഠിച്ചു വരുന്നു എന്നും അദ്ദേഹം പറഞ്ഞു. നിലവിൽ രണ്ടു പുസ്തകങ്ങളുടെ എഴുത്തുജോലിയിലാണ് അദ്ദേഹം.

ഡോ. എസ്‌ ഹരികൃഷ്ണന്റെ അച്ഛനും അമ്മയും

കേരള സർവകലാശാല രജിസ്ട്രാറും മലയാള വിഭാഗം പ്രൊഫസറുമായ ഡോ. സി ആർ പ്രസാദ് സാറിന്റെ മേൽനോട്ടത്തിലാണ് ഹരികൃഷ്ണൻ ഗവേഷണം പൂർത്തിയാക്കിയത്.

ഡോ.എസ്‌ ഹരികൃഷ്ണൻ ഡോ സി.ആർ പ്രസാദ് സാറിനൊപ്പം

ഡോ.എസ്‌ ഹരികൃഷ്ണന്റെ ഭാര്യ പാർവതി. മക്കൾ : നീരദ, നിരുപമ .

ഡോ. എസ്‌ ഹരികൃഷ്ണനും കുടുംബവും