‘വാൾ വെച്ച് പണം തട്ടും’, 25ഓളം കവർച്ചാ കേസുകളിലെ പ്രതിയായ പിടികിട്ടാപ്പുള്ളി വർക്കല പൊലീസ് പിടിയിൽ

വർക്കല : 25ഓളം കവർച്ചാ കേസ്സുകളിലെ പ്രതിയും 11 വർഷമായി തിരുവനന്തപുരം ജില്ലാ കോടതിയടക്കമുള്ള കോടതികളിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതുമായ പ്രതി വർക്കല പോലീസ് പിടിയിലായി. വർക്കല വെട്ടൂർ സ്വദേശി നൗഷാദ് (32) ആണ് പിടിയിലായത്. തിരുവനന്തപുരം ജില്ലയിൽ വർക്കല, കല്ലമ്പലം, കടയ്ക്കൂർ, ചിറയിൻകീഴ്, പളളിക്കൽ തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലും കൊല്ലം ജില്ലയിൽ പരവൂർ, പാരിപ്പള്ളി തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുകളുണ്ട്. 2006 മുതൽ 2009 വരെയുള്ള കാലയളവിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പോലീസ് സ്റ്റേഷൻ പരിധികളിൽ സംഘം ചേർന്ന് നിരവധി കവർച്ചാ കേസ്സുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ് നൗഷാദ്. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ബി.അശോകന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വർക്കല പോലീസ് ഇൻസ്പെക്ടർ ജി. ഗോപകുമാർ, എസ്.ഐ മാരായ ശ്യാംജി, ജയകുമാർ, എസ്.സി.പി.ഒ മുരളി, സി.പി.ഒമാരായ ജയ് മുരുകൻ, കിരൺ, സതീശൻ എന്നിവരടങ്ങിയ സംഘം പ്രതി ഒളിവിൽ കഴിഞ്ഞിരുന്ന കൊല്ലം ജില്ലയിലെ കുണ്ടറ മാമൂട് എന്ന സ്ഥലത്ത് നിന്നാണ് പിടികൂടിയത്.

2007 ഏപ്രിൽ 2ന് ൽ വർക്കല ചെമ്മരുതി മുട്ടപ്പലം ഹാരിസ് വില്ലയിൽ ഹസീനയുടെ കഴുത്തിൽ നിന്നും ബൈക്കിൽ എത്തി അഞ്ച് പവൻ കവർച്ച ചെയ്ത കേസ്, 3.06.2007-ൽ അയിരൂർ ചാരുംകുഴി സ്വദേശി ലുക്മാൻ എന്നയാളെ പുലർച്ചെ 5 മണിക്ക് തൃമ്പല്ലൂർ ക്ഷേത്രത്തിന് സമീപം വച്ച് ബൈക്ക് തടത്ത് നിർത്തി വാൾ കഴുത്തിൽ വച്ച് വെട്ടി 70000 രൂപയും കഴുത്തിൽ കിടന്ന മാലയും മൊബൈൽ ഫോണും കവർച്ച ചെയ്ത കേസിലും ,5.6.2007-ൽ പുലർച്ചെ 2.15 മണിക്ക് കൊല്ലം ജില്ലയിൽ ഭൂതക്കുളം കോട്ടുവൻക്കോണം സ്വദേശി ഷിബു എന്നയാൾ മാനേജരായി ജോലി ചെയ്തിരുന്ന പെട്രോൾ പമ്പിൽ കയറി വാൾ വച്ച് വെട്ടി പമ്പിനകത്ത് കെട്ടിയിട്ട ശേഷം ഓഫീസിലെ അലമാര കുത്തിതുറന്ന് 61000 രൂപ കവർച്ച ചെയ്തെടുത്ത കേസ്സിലും, 10.09.2006-ൽ വെട്ടൂർ സ്വദേശിനി സഫീനയുടെ വീട്ടിൽ കയറി 40 പവൻ സ്വർണ്ണവും, 63000 രൂപയും കവർന്ന കേസ്സിലും, 3. 3. 2008-ൽ പരവൂർ പെഴിക്കര സ്വദേശി ബിനു എന്നയാളിന്റെ കൈയ്യിൽ നിന്നും യു.എ.ഇ കറൻസി എക്സ ചേഞ്ച് ചെയ്യാമെന്ന് പറഞ്ഞു 25000 രൂപയും, സ്വർണ്ണമാലയും കവർന്ന ശേഷം വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസ് എന്നിവയടക്കം തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ 25-ഓളം കേസ്സുകളിൽ പ്രതിയാണ്. ഇയാൾക്കെതിരെ 10-ഓളം വാറണ്ടുകൾ നിലവിലുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.