മാധ്യമ പ്രവർത്തകരുടെ കണക്കെടുപ്പ് പൂർത്തിയാക്കണം: കേരളാ പത്രപ്രവർത്തക അസോസിയേഷൻ

 

തിരുവനന്തപുരം :സംസ്ഥാനത്തു പ്രവർത്തിക്കുന്ന പ്രാദേശിക മാധ്യമ പ്രവർത്തകരുടെയും സ്റ്റിങ്ങർമാരുടെയും കണക്കെടുപ്പു പൂർത്തിയാക്കണമെന്ന് കേരളാ പത്രപ്രവർത്തക അസ്സോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. എട്ടു വർഷം മുൻപ് കൊടുത്ത നിവേദനത്തിന്റെ അടിസ്ഥാനത്തിൽ തുടങ്ങിവയ്ക്കുകയും പിന്നീട് ചിലരുടെ സമ്മർദ്ദം മൂലം നിർത്തിവെക്കുകയും ചെയ്ത പ്രാദേശിക മാധ്യമ പ്രവർത്തകരുടെ സംസ്ഥാന തല കണക്കെടുപ്പ് എത്രയും വേഗം പൂർത്തിയാക്കണമെന്നാണ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രമേയേത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയത്തിൽ പരിഹാരം ഉണ്ടായെങ്കിൽ മാത്രമേ പ്രാദേശിക മാധ്യമ പ്രവർത്തകരുടെ അത്യന്തികമായ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ കഴിയൂ എന്നും യോഗം വിലയിരുത്തി. ഈ സാഹചര്യത്തിൽ അടിയന്തിരമായി തൊഴിൽവകുപ്പ് മന്ത്രിയെ നേരിൽ കണ്ട് ഈ വിഷയം ശ്രദ്ധയിൽപ്പെടുത്താനും യോഗം തീരുമാനിച്ചു.
കണക്കെടുപ്പ് നടത്താതെ ഈ മേഖലയിലെ മാധ്യമ പ്രവർത്തകർക്ക് അസോസിയേഷൻ മുന്നോട്ട് വച്ച 5 ഇന ആവശ്യങ്ങൾ ആയ ജില്ലാ തല അക്രഡിറ്റേഷൻ, ക്ഷേമ നിധി, ആരോഗ്യ സുരക്ഷാ പദ്ധതി അടക്കം യാതൊരു ആനുകൂല്യങ്ങളും നൽകാൻ സാധിക്കില്ല എന്നതിനാലാണ് ഇങ്ങനെ ഒരു നീക്കം നടത്തുന്നതെന്ന് യോഗത്തിൽ ജില്ലാ സെക്രട്ടറി ഷിജു രാജശിൽപ്പി അറിയിച്ചു. ജില്ലാ പ്രസിഡന്റിന്റെ ചാർജ്ജ് ഉള്ള ജില്ലാ വൈസ് പ്രസിഡന്റ്‌ മഹാദേവൻ അധ്യക്ഷത വഹിച്ചു, സംസ്ഥാന പ്രസിഡന്റ്‌ ജി ശങ്കർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി മധു കടുത്തുരുത്തി പ്രമേയം അവതരിപ്പിച്ചു.

സ്റ്റേറ്റ് കമ്മിറ്റി അംഗം സൂര്യദേവ് , ആമീൻ , പാറശ്ശാല സന്തോഷ് , ജോയിൻ സെക്രട്ടറി വേണു മഹാദേവ് , വൈസ് പ്രസിഡന്റ്‌ സുബൈർ ഖാൻ പൂന്തുറ, ജില്ലാ കമ്മിറ്റി അംഗങ്ങളായ തച്ചൻകോട് വേണുഗോപാൽ , വിതുര സിവി അനിൽ , യാസിർ എസ് ആറ്റിങ്ങൽ, എന്നിവർ പ്രമേയത്തെ പിന്താങ്ങി സംസാരിച്ചു