നഗരൂർ :അഞ്ചുവയസ് മാത്രം പ്രായമുള്ള ബാലികയെ ലൈംംഗികമായി പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. വഞ്ചിയൂർ, കടവിള, പുല്ലുതോട്ടം, തെങ്ങുവിളാകം വീട്ടിൽ വിപിനചന്ദ്രൻനായർ (53) നെയാണ് നഗരൂർ പോലീസ് പിടികൂടിയത്. എൽ കെ ജി വിദ്യാർത്ഥിനിയായ പെൺകുട്ടിയെ ഇയാൾ വീട്ടിലെത്തിയപ്പോൾ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നത്രേ. രണ്ട് വട്ടം വിവാഹിതനാണ് അറസ്റ്റിലായ പ്രതി. ആദ്യ വിവാഹബന്ധം വേർപെടുത്തിയ പ്രതി മറ്റൊരു യുവതിയെ വിവാഹം കഴിച്ചു താമസിക്കുകയായിരുന്നു. ഈ ബന്ധത്തിൽ പ്രതിക്ക് ഒരു കുട്ടിയുമുണ്ട്. പീഡനത്തിനിരയായ പെൺകുട്ടിയും ബന്ധുക്കളും പ്രതിയുടെ വീടുമായി നിരന്തര സഹകരണമുണ്ടായിരുന്നുവത്രേ. ആഴ്ചകൾക്ക് മുമ്പായിരുന്നുസംഭവം . ആദ്യം പീഡനവിവരം രക്ഷിതാക്കൾ ഒതുക്കിയെങ്കിലും നഗരൂർ പോലീസിൽ പരാതി എത്തിയതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിക്ക് നേരെ പോക്സോ വകുപ്പ് പ്രകാരം കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. പ്രതി സമാനമായ നിരവധി കുരുന്നുകൾക്ക് നേരെ ഇത്തരത്തിൽ മോശം പെരുമാറ്റം നടത്തിയിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. കുറെകാലം വഞ്ചിയൂർ ജംഗ്ഷനിൽ സ്റ്റുഡിയോ നടത്തിയിരുന്ന പ്രതി അടുത്തകാലത്തായി തിരുവനന്തപുരത്ത് സ്വകാര്യ ലേബർ സപ്ലൈ കമ്പനിയിൽ ജോലി ചെയ്തുവരുകയായിരുന്നു. കഴിഞ്ഞദിവസവും ജോലിക്കായി വീട്ടിൽനിന്ന് പുറപ്പെട്ടപ്പോൾ പോലീസ് പിന്തുടർന്നെത്തി പിടികൂടുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. അറസ്റ്റിന് നഗരൂർ എസ് എച്ച് ഒ രതീഷ്കുമാർ, എ എസ് ഐ രാജേഷ്, സി പി ഒ സാംജിത്ത്, പ്രവീൺ തുടങ്ങിയവർ നേതൃത്വം നൽകി